ന്യൂഡല്‍ഹി: ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിഎംസി നേതാവിന് ജീവപര്യന്തം തടവുശിക്ഷ. പശ്ചിമ ബംഗാളിലെ മാള്‍ഡയിലെ പ്രത്യേക കോടതിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിരമിച്ച അധ്യാപകനുമായ റഫീഖുള്‍ ഇസ്ലാമിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2021-ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുടെ ഭാഗമായി നടന്ന ബലാത്സംഗ കേസിലാണ് ശിക്ഷ. സിബിഐ അന്വേഷിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പശ്ചിമ ബംഗാളില്‍ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. കൊലപാതകങ്ങള്‍ക്കും കവര്‍ച്ചയ്ക്കും പുറമേ, പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. ആകെ 61 കൊലപാതക കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസുകളെല്ലാം കല്‍ക്കട്ട ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു.
സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്‍ റഫീഖുള്‍ ഇസ്ലാമിനാണ് ജീവപര്യന്തം വിധിച്ചത്. ഇരയായ പെണ്‍കുട്ടിയുടെയും 10 വയസുള്ള കൂട്ടുകാരിയുടെയും ദൃക്സാക്ഷി മൊഴികളാണ് സിബിഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പോക്സോ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376എബി വകുപ്പ് പ്രകാരവും റഫീഖുള്‍ ഇസ്ലാമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി സിബിഐ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതിക്ക് 50,000 രൂപ പിഴയും ചുമത്തുകയും അതിജീവിതയ്ക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. വിചാരണ പൂര്‍ത്തിയാകുകയും ശിക്ഷാവിധിയില്‍ എത്തുകയും ചെയ്ത, തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസാണിതെന്ന് സിബിഐ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്