ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ സൗദി ക്ലബ് അൽ ഹിലാലിനെ തോൽപ്പിച്ച് ബ്രസീലിയൻ ക്ലബ് ഫ്‌ളൂമിനൻസ് സെമിഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്‌ളൂമിനൻസിന്റെ വിജയം. മാതേസ് മാർട്ടിനല്ലി, ഹെർകുലീസ് എന്നിവരാണ് ഫ്‌ളൂമിനൻസിനായി ഗോൾ നേടിയത്. മാർകോസ് ലിയാൻഡ്രോയാണ് അൽ ഹിലാലിന്റെ ആശ്വാസ ഗോൾ നേടിയത്.
കാർ അപകടത്തിൽ മരണപ്പെട്ട പോർച്ചുഗൽ ദേശീയ ടീം ഫുട്‌ബോൾ താരം ഡിയേഗോ ജോട്ടയ്ക്കും സഹോദരനും ഫുട്‌ബോൾ താരവുമായ ആന്ദ്ര സിൽവയ്ക്കും ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആരംഭിച്ചതിന് ശേഷമാണ് ഫ്‌ളൂമിനൻസ് അൽ ഹിലാൽ മത്സരം ആരംഭിച്ചത്.
ആദ്യ മിനിറ്റുകളിൽ ഇരുടീമുകളുടെയും തന്ത്രങ്ങൾ ആർക്കും പിടികിട്ടിയിരുന്നില്ല. അൽ ഹിലാൽ ആദ്യ മിനിറ്റുകളിൽ പന്തിന്റെ നിയന്ത്രണം ആസ്വദിക്കാനാണ് ശ്രമിച്ചത്. എന്നാൽ പതിയെ ഫ്‌ളൂമിനൻസും മത്സരത്തിൽ താളം കണ്ടെത്തി.
ഒടുവിൽ 40-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. സ്വന്തം പോസ്റ്റിന് മുന്നിലെ പന്ത് ക്ലിയർ ചെയ്യുന്നതിൽ അൽ ഹിലാൽ പ്രതിരോധം പിഴവ് വരുത്തിയപ്പോൾ അവസരം മുതലാക്കിയ ഫ്‌ളൂമിനൻസ് താരം സാമുവൽ സേവിയർ പന്ത് മാതേസ് മാർട്ടിനലിയിലേക്കെത്തിച്ചു. പിന്നാലെ തകർപ്പൻ ഇടംകാൽ ഷോട്ടിലൂടെ മാർട്ടിനലി പന്ത് വലയിലാക്കി.
ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഹിലാലിന് അനുകൂലമായി ഒരു പെനാൽറ്റി അവസരം ലഭിച്ചിരുന്നു. എന്നാൽ വാർ (വീഡിയോ അസിസ്റ്റിങ് റിവ്യൂ സിസ്റ്റം) പരിശോധനയിൽ ഇത് നിഷേധിക്കപ്പെട്ടു.
രണ്ടാം പകുതി തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ അൽ ഹിലാൽ മത്സരത്തിൽ സമനില പിടിച്ചു. 51-ാം മിനിറ്റിൽ മാർകോസ് ലിയാൻഡ്രോ ആണ് അൽ ഹിലാലിനായി വലചലിപ്പിച്ചത്. പിന്നീട് ഇരുടീമുകളും അവസരങ്ങൾ നിർമിച്ചു.
ഒടുവിൽ 70-ാം മിനിറ്റിൽ ഹെർകുലീസിന്റെ ഗോൾ വലയിലെത്തി. അവശേഷിച്ച 20 മിനിറ്റിൽ അൽ ഹിലാൽ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ഫ്‌ളൂമിനൻസിന് കഴിയുകയും ചെയ്തു. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ ക്ലബ് ലോകകപ്പിലെ അൽ ഹിലാൽ മുന്നേറ്റത്തിന് തടയിട്ട് ഫ്‌ളൂമിനൻസ് വിജയികളായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്