ഇംഗ്ലണ്ട് വനിതകൾക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് അഞ്ച് റൺസ് തോൽവി. കെന്നിംഗ്ടൺ ഓവലിൽ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്.
ഓപ്പണർമാരായ സോഫിയ ഡങ്ക്‌ലി (75), വ്യാറ്റ് ഹോഡ്ജ് (66) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. അരുന്ധതി റെഡ്ഡി, ദീപ്തി ശർമ എന്നിവർ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീ ചരണിക്ക് രണ്ട് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കാനാണ് സാധിച്ചത്.
സ്മൃതി മന്ദാന (56), ഷെഫാലി വർമ (47) എന്നിവർക്ക് മാത്രമാണ് തിളങ്ങാൻ സാധിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ലോറൻ ഫില്ലർ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ലേക്ക് എത്താൻ ഇംഗ്ലണ്ടിന് സാധിച്ചു.
മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്മൃതി ഷെഫാലി ഓപ്പണിംഗ് സഖ്യം ഒന്നാം വിക്കറ്റിൽ 85 റൺസ് ചേർത്തു. ഒമ്പത് ഓവർ വരെ ഇരുവരും ക്രീസിൽ തുടർന്നു. ഷെഫാലിയെ പുറത്താക്കി സോഫി എക്ലെസ്റ്റോണാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകിയത്. 25 പന്തുകൾ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും നേടി. തുടർന്നെത്തിയ ജമീമ റോഡ്രിഗസ് (15 പന്തിൽ 20) സ്മൃതിക്കൊപ്പം 38 റൺസ് കൂട്ടിചേർത്ത് ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകി.
എന്നാൽ ജമീമയേയും മന്ദാനയേയും പുറത്താക്കി ഫില്ലർ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. റിച്ച ഘോഷ് (7) പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 12 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ആറ് റൺസെടുക്കാൻ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. ഹർമൻപ്രീത് കൗർ (23) അവസാന പന്തിൽ പുറത്തായി.
നേരത്തെ, ഇംഗ്ലണ്ട് ഓപ്പണർമാർക്ക് മാത്രമാണ് തിളങ്ങാനായത്. ഒന്നാം വിക്കറ്റിൽ ഡങ്ക്‌ലി ഹോഡ്ജ് സഖ്യം 137 റൺസാണ് ചേർത്തത്. 16-ാം ഓവറിൽ മാത്രമാണ് കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യക്ക് സാധിച്ചത്.
തുടർന്നെത്തിയവരിൽ സോഫിയ എക്ലെസ്റ്റോണിന് (10) മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. ആലീസ് ക്യാപ്‌സി (2), പെയ്ജ് ഷോൾഫീൽഡ് (4), എമി ജോൺസ് (0), ബ്യൂമോണ്ട് (2), ഇസി വോംഗ് (0), ഫില്ലർ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ചാർലി ഡീൻ (6), ലോറൻ ബെൽ (1) എന്നിവർ പുറത്താവാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്