മൂന്ന് മാസത്തിനുള്ളില്‍ 30 ലക്ഷം പേര്‍; ദുബായിയില്‍ ഏറ്റവുമധികം യാത്രക്കാരെത്തുന്നത് ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

MAY 2, 2025, 8:13 PM

ദുബായ്: ഈ വര്‍ഷം മൂന്ന് മാസത്തിനുള്ളില്‍ 2.34 കോടി യാത്രക്കാരെ സ്വാഗതം ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍. ലോകത്തിലെ മുന്‍നിര അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ എമിറേറ്റിന്റെ പ്രശസ്തി അനുദിനം വര്‍ധിക്കുകയാണ്. ജനുവരിയില്‍ മാത്രമായി 85 ലക്ഷം യാത്രക്കാരെ സ്വീകരിച്ച് പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഇന്ത്യയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ദുബായിലേക്കെത്തിയത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെ 30 ലക്ഷം യാത്രക്കാരാണ് ഇന്ത്യയില്‍ നിന്നും എത്തിയത്. സൗദി അറേബ്യ (19 ലക്ഷം), യു.കെ. (15 ലക്ഷം), പാകിസ്താന്‍ (10 ലക്ഷം), അമേരിക്ക (80,4000), ജര്‍മനി (73,8000) എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലായുണ്ട്. എമിറേറ്റിലെ ശൈത്യകാല ആകര്‍ഷണങ്ങള്‍, ഈദ് അവധി, സ്‌കൂള്‍ അവധി എന്നിവയെല്ലാം യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതായി അധികൃര്‍ വ്യക്തമാക്കി. മൂന്ന് മാസങ്ങളിലായി 5,17,000 ടണ്‍ കാര്‍ഗോയും 2.1 കോടിയിലേറെ ലഗേജുകളും വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഈ കാലയളവില്‍ 1,11,000 വിമാന സര്‍വീസുകളും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിവിധ സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് മികച്ച നേട്ടങ്ങള്‍ സാധ്യമായത്. യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത യാത്രാനുഭവങ്ങള്‍ നല്‍കുന്നതിന് ഒട്ടേറെ സംരംഭങ്ങളും പദ്ധതികളും വിമാനത്താവളത്തില്‍ നടപ്പാക്കുന്നുണ്ട്.

ഒന്നാംപാദത്തിലെ മികച്ചപ്രകടനം വര്‍ഷത്തിലുടനീളം തുടരുമെന്ന് ദുബായ് എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. തത്സമയ നിരീക്ഷണ, സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതില്‍ നിര്‍ണായകമായി. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കായി പ്രത്യേക സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. നിലവില്‍ 106 രാജ്യങ്ങളിലെ 269 നഗരങ്ങളിലേക്ക് 101 അന്താരാഷ്ട്ര വിമാന കമ്പനികള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു സര്‍വീസ് നടത്തുന്നുണ്ട്.

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ കഴിഞ്ഞമാസം തിരഞ്ഞെടുത്തിരുന്നു. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് ദുബായ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം 9.23 കോടി ആളുകളാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 6.1 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ലോകോത്തര നഗരമെന്ന നിലയിലെ എമിറേറ്റിന്റെ സ്ഥാനം ഉയര്‍ത്തുന്നതിന് വിമാനത്താവളങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിനോദസഞ്ചാരത്തിലും വ്യാപാരത്തിലുമുള്ള എമിറേറ്റിന്റെ മുന്നേറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. മികച്ച അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കികൊണ്ട് ആഗോള വ്യോമയാന വ്യവസായത്തിലെ മികവിന്റെ പ്രതീകമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മാറിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam