മുംബയ് ക്രിക്കറ്റ് ടീം ക്യാപ്ടൻ സ്ഥാനം രാജിവെച്ച് അജിങ്ക്യാ രഹാനെ

AUGUST 22, 2025, 4:07 AM

മുംബയ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. യുവതാരങ്ങൾക്ക് അവസരം നൽകാനായാണ് മുംബയ്‌യുടെ ക്യാപ്ടൻ സ്ഥാനം ഒഴിയുന്നതെന്ന് രഹാനെ പറഞ്ഞു. ക്യാപ്ടനെന്ന നിലയിൽ മുംബയ്ക്കായി കിരീടങ്ങൾ നേടാനായതിൽ അതിയായ അഭിമാനമുണ്ട്. അടുത്ത ആഭ്യന്തര സീസൺ തുടങ്ങാനിരിക്കെ ക്യാപ്ടൻ സ്ഥാനത്തു നിന്ന് പടിയിറങ്ങാനും അടുത്ത നായകനെ വളർത്തിക്കൊണ്ടുവരാനും ഇതാണ് ശരിയായ സമയമെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് മുംബയ് ടീമിന്റെ ക്യാപ്ടൻ സ്ഥാനം രാജിവെക്കുന്നു. കളിക്കാരനെന്ന നിലയിൽ മുംബയ്ക്കായി വീണ്ടും കളിക്കുകയും കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്യാൻ തുടർന്നും ടീമിനൊപ്പമുണ്ടാകുമെന്നും രഹാനെ എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.

ക്യാപ്ടൻ സ്ഥാനത്തു നിന്ന് രാജിവെച്ചെങ്കിലും 37കാരനായ രഹാനെ തുടർന്നും മുംബയ്ക്കായി കളിക്കും. രഹാനെക്ക് കീഴിൽ കഴിഞ്ഞ സീസണിൽ ആഭ്യന്തര ടി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബയ് ചാമ്പ്യന്മാരായിരുന്നു. ടൂർണമെന്റിലെ ടോപ് സ്‌കോററും രഹാനെയായിരുന്നു. കഴിഞ്ഞ സീസണിൽ മുംബയ്‌യെ രഞ്ജി ട്രോഫി സെമിയിലെത്തിക്കാനും രഹാനെക്കായി. സെമിയിൽ വിദർഭയോട് 90 റൺസ് തോൽവി വഴങ്ങിയാണ് മുംബയ് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് രഹാനെ. 76 മത്സരങ്ങളിൽ 52 റൺസ് ശരാശിയിൽ 5932 റൺസാണ് മുംബയ്ക്കായി രഹാനെ നേടിയത്. 19 സെഞ്ചുറികളും രഹാനെയുടെ പേരിലുണ്ട്. 29 സെഞ്ചുറികൾ നേടിയിട്ടുള്ള വസീം ജാഫറാണ് മുംബയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം.

കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനുമായിരുന്നു മുൻ ഇന്ത്യൻ വൈസ് ക്യാപ്ടൻ കൂടിയായ രഹാനെ. മുംബയ് ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞ രഹാനെ കൊൽക്കത്തയുടെയും നായകസ്ഥാനം ഒഴിയുമോ എന്നാണ് ആരാധകരിപ്പോൾ ഉറ്റുനോക്കുന്നത്. അതേസമയം, മുംബയ് ടീമിൽ ആരാകും രഹാനെയുടെ പിൻഗാമിയെന്നറിയാനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, യശസ്വി ജയ്‌സ്വാൾ, സർഫറാസ് ഖാൻ എന്നിവരാണ് പരിഗണനയിലുള്ളത്. ശ്രേയസിനെയും സൂര്യയെയും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിനാൽ യശസ്വി ജയ്‌സ്വാൾ, സർഫറാസ് ഖാൻ എന്നിവരിലൊരാൾക്കാണ് സാധ്യത കൂടുതലെന്നാണ് കരുതുന്നത്. നേരത്തെ ഗോവ ക്യാപ്ടൻ സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ മുംബയ് വിട്ട് ഗോവയിലേക്ക് ടീം മാറാൻ ജയ്‌സ്വാൾ തയ്യാറയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam