കേരള ക്രിക്കറ്റ് ലീഗ്: ഏരീസ് കൊല്ലം സെയിലേഴ്‌സിന് ജയം

AUGUST 22, 2025, 4:00 AM

അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ് തകർപ്പൻ തുടക്കം.

ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഒരു വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 18 ഓവറിൽ 138 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറിൽ രണ്ട് സിക്‌സറുകൾ പായിച്ചാണ് ബിജു നാരായണൻ കൊല്ലത്തിന് വിജയം ഒരുക്കിയത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ എൻ.എംയ ഷറഫുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.

കാലിക്കറ്റിനെതിരെയുള്ള വിജയചരിത്രം വീണ്ടും ആവർത്തിക്കുകയായിരുന്നു കൊല്ലം. ഫൈനൽ ഉൾപ്പടെ കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും വിജയം കൊല്ലത്തിനൊപ്പമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കാലിക്കറ്റിന് ക്യാപ്ടൻ രോഹൻ കുന്നുമ്മൽ തകർപ്പൻ തുടക്കമാണ് നൽകിയത്. ഏദൻ ആപ്പിൾ ടോമിനെയും അമലിനെയും കണക്കിന് പ്രഹരിച്ചാണ് രോഹൻ ഇന്നിങ്‌സ് തുടങ്ങിയത്. ഒരോവറിൽ ഒൻപത് റൺസ് ശരാശരിയിലാണ് കാലിക്കറ്റിന്റെ ഇന്നിങ്‌സ് മുന്നോട്ട് നീങ്ങിയത്.

vachakam
vachakam
vachakam

മറുവശത്ത് പതിഞ്ഞ താളത്തിൽ തുടങ്ങിയ സച്ചിൻ സുരേഷിന് ഏറെ നേരം പിടിച്ചു നില്ക്കാനായില്ല. തന്റെ ആദ്യ സ്‌പെല്ലിലെ ആദ്യ പന്തിൽ തന്നെ സച്ചിനെ മടക്കി ഷറഫുദ്ദീൻ കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു. 10 റൺസെടുത്ത സച്ചിൻ, ഷറഫുദ്ദീന്റെ പന്തിൽ ബിജു നാരായണൻ പിടിച്ചാണ് പുറത്തായത്. അടുത്ത ഓവറിൽ ഏഴ് റൺസെടുത്ത അഖിൽ സ്‌കറിയയെയും ഷറഫുദ്ദീൻ തന്നെ മടക്കി.

മറുവശത്ത് അനായാസം ബാറ്റിങ് തുടർന്ന രോഹൻ 21 പന്തുകളിൽ തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കി. ഷറഫുദ്ദീനെ സിക്‌സർ പറത്തിയാണ് രോഹൻ അൻപത് തികച്ചത്. എന്നാൽ ബിജു നാരായണനെ മടക്കി വിളിച്ച സച്ചിൻ ബേബിയുടെ തന്ത്രം ഫലം കണ്ടു. രോഹനെ അഭിഷേക് ജെ നായരുടെ കൈകളിലെത്തിച്ച് ബിജു നാരായണൻ കാലിക്കറ്റിന്റെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമിടുകയായിരുന്നു.22 പന്തുകളിൽ മൂന്ന് ഫോറും ആറ് സിക്‌സും അടക്കം 54 റൺസാണ് രോഹൻ നേടിയത്. അജിനാസിനെ എംയഎസ്. അഖിലും അൻഫലിനെ എ.ജി. അമലും പുറത്താക്കി. ഒരറ്റത്ത് ഉറച്ചു നില്ക്കാൻ ശ്രമിച്ച സൽമാൻ നിസാറിനെ സച്ചിൻ ബേബിയും പുറത്താക്കി. എന്നാൽ വാലറ്റത്ത് കൂറ്റൻ അടികളിലൂടെ കളം നിറഞ്ഞ മനു കൃഷ്ണന്റെ പ്രകടനമാണ് കാലിക്കറ്റിന്റെ സ്‌കോർ 138 വരെയെത്തിച്ചത്. 14 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സർ അടക്കം 25 റൺസാണ് മനു കൃഷ്ണൻ നേടിയത്. കൊല്ലത്തിന് വേണ്ടി ഷറഫുദ്ദീൻ നാല് വിക്കറ്റും എ.ജി. അമൽ മൂന്ന് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. എം.യു. ഹരികൃഷ്ണനാണ് വിഷ്ണു വിനോദിനെ ക്ലീൻ ബൗൾഡാക്കി കാലിക്കറ്റിന് മികച്ച തുടക്കം നൽകിയത്. തുടർന്നെത്തിയ ക്യാപ്ടൻ സച്ചിൻ ബേബിയും അഭിഷേക് ജെ നായരും ചേർന്ന് മികച്ച രീതിയിൽ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. എന്നാൽ സ്‌കോർ 44ൽ നില്‌ക്കെ 24 റൺസെടുത്ത സച്ചിൻ ബേബി പുറത്തായത് ബാറ്റിങ് തകർച്ചയുടെ തുടക്കമായി. എസ് മിഥുനാണ് സച്ചിനെ പുറത്താക്കിയത്.തൊട്ടു പിറകെ 21 റൺസെടുത്ത അഭിഷേക് ജെ നായരെ അഖിൽ സ്‌കറിയയും പുറത്താക്കി. തുടർന്ന് മുറയ്ക്ക് വിക്കറ്റുകൾ വീണ കൊല്ലത്തെ കരകയറ്റിയത് വത്സൽ ഗോവിന്ദും എ.ജി. അമലും ചേർന്ന 32 റൺസിന്റെ കൂട്ടുകെട്ടാണ്. എന്നാൽ മത്സരം അവസാന ഓവറുകളിലേക്ക് കടക്കെ 41 റൺസെടുത്ത വത്സൽ ഗോവിന്ദും 14 റൺസെടുത്ത അമലും മടങ്ങി. മത്സരത്തിൽ കാലിക്കറ്റ് പിടിമുറുക്കിയെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ഏദൻ ആപ്പിൾ ടോമും ബിജു നാരായണനും ചേർന്ന് അവസാന വിക്കറ്റിൽ അവിശ്വസനീയ തിരിച്ചുവരവൊരുക്കിയത്.

vachakam
vachakam
vachakam

അവസാന ഓവർ തുടങ്ങുമ്പോൾ ഒരു വിക്കറ്റ് ശേഷിക്കെ കൊല്ലത്തിന് ജയിക്കാൻ വേണ്ടത് 14 റൺസായിരുന്നു. എന്നാൽ രണ്ട് സിക്‌സുകൾ പറത്തി ബിജു നാരായണൻ ടീമിനെ വിജയത്തിലെത്തിച്ചു. ബിജു നാരായണൻ ഏഴ് പന്തുകളിൽ നിന്ന് 15ഉം ഏദൻ ആപ്പിൾ ടോം ആറ് പന്തുകളിൽ നിന്ന് 10ഉം റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ബിജു നാരായണൻ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. കാലിക്കറ്റിന് വേണ്ടി അഖിൽ സ്‌കറിയ നാലും എസ് മിഥുൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam