കെ.സി.എൽ: കൊല്ലം സെയിലേഴ്‌സിനെ തോൽപ്പിച്ച് ട്രിവാൻഡ്രം റോയൽസ്

AUGUST 23, 2025, 4:21 AM

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ട്രിവാൻഡ്രം റോയൽസ് ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങിൽ റോയൽസ് ഒരു ഓവർ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. അർദ്ധ സെഞ്ച്വറിയുമായി(45 പന്തിൽ 62) റോയൽസിന് വിജയമൊരുക്കിയ റിയ ബഷീറാണ് കളിയിലെ താരം. ആദ്യ മാച്ചിൽ കൊച്ചിയോട് ദയനീയ തോൽവി നേരിട്ട ട്രിവാൻഡ്രത്തിന്റെ തിരിച്ചുവരവായി മത്സരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. തുടർച്ചയായ രണ്ടാം മത്സത്തിലും ഐപിഎൽ താരം വിഷ്ണു വിനോദ് ചെറിയ സ്‌കോറിൽ പുറത്തായി. ഒരു റണ്ണെടുത്ത വിഷ്ണു വിനോദിനെ ഫാനൂസ് ഫായിസ് റണ്ണൌട്ടാക്കുകയായിരുന്നു. സ്‌കോർ 28ൽ നിൽക്കെ പത്ത് റൺസെടുത്ത സച്ചിൻ ബേബിയെ ടി.എസ് വിനിലും പുറത്താക്കി.

എന്നാൽ അഭിഷേക് ജെ. നായരും വത്സൽ ഗോവിന്ദും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സെയിലേഴ്‌സിന് തുണയായി. കൂറ്റൻ ഷോട്ടുകൾ പായിച്ച് അഭിഷേക് സ്‌കോർ ഉയർത്തിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിങ്‌സായിരുന്നു വത്സൽ ഗോവിന്ദിന്റേത്. സ്‌കോറിംഗ് ഉയർത്തി മുന്നേറിയ അഭിഷേകിനെ വി അജിത് പുറത്താക്കിയത് സെയ്‌ലേഴ്‌സിന് തിരിച്ചടിയായി.

vachakam
vachakam
vachakam

36 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 53 റൺസാണ് അഭിഷേക് നേടിയത്. തുടർന്നെത്തിയ എം.എസ് അഖിലിനെ അഭിജിത് പ്രവീൺ ക്ലീൻബൗൾഡാക്കി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എൻ.എം ഷറഫുദ്ദീന്റെ വിക്കറ്റും കൊല്ലത്തിന് നഷ്ടമായി. തുടർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

എന്നാൽ മറുവശത്ത് ഉറച്ച് നിന്ന വത്സൽ ഗോവിന്ദിന്റെ പ്രകടനമാണ് കൊല്ലത്തിനെ മികച്ച സ്‌കോറിലെത്തിച്ചത്. 47 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്‌സുമടക്കം 63 റൺസാണ് വത്സൽ ഗോവിന്ദ് നേടിയത്. ട്രിവാൺഡ്രം റോയൽസിന് വേണ്ടി അഭിജിത് പ്രവീൺ മൂന്നും ബേസിൽ തമ്ബി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ റോയൽസിന് തുടക്കത്തിൽ തന്നെ എസ് സുബിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ റിയ ബഷീറും കൃഷ്ണപ്രസാദും ചേർന്ന് അതിവേഗത്തിൽ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയതോടെ ട്രിവാൻഡ്രത്തിന് വിജയപ്രതീക്ഷ ഉയർന്നു. എന്നാൽ ക്യാപ്ടൻ കൃഷ്ണപ്രസാദിനെ ഏദൻ ആപ്പിൾ ടോമിന്റെ പന്തിൽ ഷറഫുദ്ദീൻ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കി. 24 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്.

vachakam
vachakam
vachakam

തുടർന്ന് ഗോവിന്ദ് ദേവ് പൈയ്ക്കും എം നിഖിലിനുമൊപ്പം റിയ ബഷീർ തീർത്ത കൂട്ടുകെട്ടുകളാണ് കളിമാറ്റിയത്. ഗോവിന്ദ് ദേവ് പൈ 27ഉം നിഖിൽ 26ഉം റൺസെടുത്ത് പുറത്തായി. എന്നാൽ ഒരുഭാഗത്ത് നങ്കൂരമിട്ട റിയ ബഷീർ 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സുമടക്കം 62 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ചു.

11 പന്തുകളിൽ 20 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൾ ബാസിദിന്റെ മികവിൽ 19ആം ഓവറിൽ റോയൽസ് ലക്ഷ്യം മറികടന്നു. കൊല്ലത്തിന് വേണ്ടി ബിജു നാരായണനും എം.എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തിലൂടെ രണ്ട് പോയിന്റുമായി റോയൽസ് അക്കൗണ്ട് തുറന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam